കൊച്ചി....ഇന്നസെന്‍റിന്‍റെ മൃതദേഹം ഇൻഡോർ സ്റ്റേഡിയത്തിൽ എത്തിയപ്പോൾ ആയിരങ്ങൾ തടിച്ചു കൂടി. നടനും മുൻ എംപിയുമായ ഇന്നസെന്റിന്റെ മൃതദേഹം കൊച്ചി ഇൻഡോർ സ്‌റ്റേഡിയത്തിൽ എത്തിച്ചു. രാവിലെ 11മണി വരെ പൊതു ദർശനത്തിന് അവസരം ഒരുക്കിയിട്ടുണ്ട്

ലേക്ക് ഷോർ ആശുപത്രിയിൽ നിന്നും രാവിലെ എട്ട് മണിയോടെയായിരുന്നു പൊതുദർശനത്തിനായി അദ്ദേഹത്തിന്റെ മൃതദേഹം ഇവിടെയെത്തിച്ചത്. പൊതുദർശനവും മരണാനന്തര ചടങ്ങുകളും പൂർത്തിയായ ശേഷം ഇന്നസെന്റിന്റെ മൃതദേഹം നാളെ വൈകീട്ട് ഇരിങ്ങാലക്കുട കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ സംസ്‌കരിക്കും. മന്ത്രിമാരായ കെ രാജൻ, ആർ ബിന്ദു ഉൾപ്പടെയുള്ളർ ഇൻഡോർ സ്റ്റേഡിയത്തിൽ എത്തിച്ചേർന്നിട്ടുണ്ട്. താരസംഘടനയായ അമ്മയുടെ ഭാരവാഹികളും ഒപ്പമുണ്ട്. പൊതുജനങ്ങൾക്കായും സിനിമാ പ്രവർത്തകർക്ക് വേണ്ടിയും രണ്ട് കവാടങ്ങളാണ് ഇവിടെ ക്രമീകരിച്ചിരിക്കുന്നത്. മുഴുവൻ ആളുകൾക്കും ഇവിടെ തന്നെ അന്ത്യോപചാരം അർപ്പിക്കാനുള്ള സൗകര്യങ്ങൾ സർക്കാർ ഒരുക്കിയിട്ടുണ്ട്. 11 മണിവരെ ഇൻഡോർ സ്റ്റേഡിയത്തിൽ പൊതുദർശനം തുടരും. മലയാള സമൂഹം കേരളക്കര മുഴുവനും ഇവിടെ എത്തി ഇന്നസെന്റിന് അന്തിമോപചാരം അർപ്പിക്കും. ഇവിടുത്തെ പൊതുദർശനത്തിന് ശേഷം സ്വന്തം നാടായ തൃശൂരിലേക്ക് കൊണ്ടുപോകും. ഉച്ചയ്ക്ക് 12 മുതൽ 3.30 വരെ തൃശൂർ ഇരിങ്ങാലക്കുട ടൗൺ ഹാളിൽ പൊതുദർശനം ഉണ്ടാകും. വൈകീട്ട് മൂന്നര മുതൽ ചൊവ്വാഴ്ച രാവിലെ പത്ത് വരെ വീട്ടിൽ പൊതുദർശനം. തുടർന്ന് ഇരിങ്ങാലക്കുട കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ സംസ്കാരം നടക്കും. ഇവിടെ നടന്‍റെ കുടുംബ കല്ലറ ഉണ്ട്. പ്രദേശത്ത് മതാപിതാക്കളുടെ കല്ലറയ്ക്ക് സമീപം ആകും ഇന്നസെന്റിന്റെ സംസ്കാരവും നടക്കുക.
Cremation tomorrow morning, Innocent's body at Kadawantra Indoor Stadium
